പൂക്കോട്ടൂര്‍ ഗ്രാമോത്സവത്തിന് നിറപ്പകിട്ടാര്‍ന്ന തുടക്കം





Mathrubhumi News
പൂക്കോട്ടൂര്‍ ഗ്രാമോത്സവത്തിന് നിറപ്പകിട്ടാര്‍ന്ന തുടക്കം

മലപ്പുറം: പൂക്കോട്ടൂര്‍ ഗ്രാമോത്സവത്തിന് നിറപ്പകിട്ടാര്‍ന്ന തുടക്കം. ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിക്കുന്ന മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഗ്രാമോത്സവം വനം-കായികമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഉദ്ഘാടനംചെയ്തു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷതവഹിച്ചു. വള്ളുവമ്പ്രം ജങ്ഷനില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ നിശ്ചലദൃശ്യങ്ങള്‍, വാദ്യങ്ങള്‍, നാടന്‍കലകള്‍, കളരിയഭ്യാസം തുടങ്ങിയവ അരങ്ങേറി. ഘോഷയാത്രയില്‍ ഒന്നാംസമ്മാനം ലഭിച്ച ന്യൂസ്റ്റാര്‍ പള്ളിമുക്ക്, രണ്ടാംസ്ഥാനം ലഭിച്ച ഗോള്‍ഡന്‍ സ്റ്റാര്‍ ചെറുവള്ളൂര്‍, മൂന്നാംസ്ഥാനം ലഭിച്ച ഫ്രണ്ട്‌സ് മുസ്‌ലിയാര്‍പീടിക എന്നിവര്‍ക്കുള്ള ട്രോഫിയും കാഷ് അവാര്‍ഡും ചടങ്ങില്‍ മന്ത്രി വിതരണംചെയ്തു. ഏറ്റവും നല്ല നിശ്ചലദൃശ്യത്തിനുള്ള പുരസ്‌കാരം കാശ്മീര്‍ യൂത്ത്‌സ് ആലുങ്ങപ്പറ്റ നേടി. പ്രതിഭാപുരസ്‌കാരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു വിതരണം ചെയ്തു. യുവജന ക്ലബ്ബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കീറ്റും വിതരണംചെയ്തു. മൊറയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. സക്കീന, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ടി.വി. ഇബ്രാഹിം, കെ.പി. ഉണ്ണീതു ഹാജി, ശ്രീകുമാര്‍, പി. അനില്‍കുമാര്‍, എ.എം. കുഞ്ഞാന്‍, ഇ.പി. ബാലകൃഷ്ണന്‍, എം. സത്യന്‍, മഠത്തില്‍ സാദിഖലി, അഡ്വ. യൂനുസ് സലിം, അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, കെ.എ. ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.


Thejas News

പുതിയ കലാകാരന്‍മാരെ സൃഷ്ടിക്കുന്നതില്‍ റിയാലിറ്റി ഷോകള്‍ക്ക്‌ മുഖ്യപങ്ക്‌: ഗണേഷ്‌ കുമാര്‍

മലപ്പുറം: പുതിയ കലാകാരന്‍മാരെ സൃഷ്ടിക്കുന്നതില്‍ റിയാലിറ്റി ഷോകള്‍ക്കു മുഖ്യപങ്കുണെ്ടന്നു മന്ത്രി കെ ബി ഗണേഷ്കുമാര്‍. മലബാറില്‍ കലക്കു നല്ല പ്രോല്‍സാഹനമാണ്‌ ലഭിക്കുന്നത്‌. ജാതിമത ചിന്തകള്‍ക്കതീതമായി കലാ പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ ക്ലബ്ബുകളടക്കമുള്ള സന്നദ്ധ സംഘനടകള്‍ക്ക്‌ എല്ലാ വിധ സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ ഗ്രാമോല്‍സവത്തിന്റെ ഉദ്ഘാടനം അറവങ്കരയില്‍നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പി ഉബൈദുല്ല എം.എല്‍.എ അധ്യക്ഷതവഹിച്ചു. പി എ സലാം, ടി വി ഇബ്രാഹിം, എം ടി മുഹമ്മദലി സംസാരിച്ചു.പരിപാടിയോടനുബന്ധിച്ച്‌ വര്‍ണാഭമായ ഘോഷയാത്രയും നടന്നു.25 ക്ലബുകളുടെ നേതൃത്വത്തില്‍ ഫ്ലോട്ട്‌, കോല്‍ക്കളി, അറവനമുട്ട്‌, ശിങ്കാരി മേളം, ബാന്റ വാദ്യം, മുത്തുക്കുടകള്‍ ഘോഷയാത്രക്കു കൊഴുപ്പേകി.
തുടര്‍ന്നു കളരിപ്പയറ്റ്‌ പ്രദര്‍ശനവും പട്ടുറുമാല്‍ ടീമിന്റെ ഗാനമേളയും അരങ്ങേറി.